Monday, June 14, 2010

ഇതും മോണിട്ടറില്‍ തെളിയട്ടെ.

Gardner
Freire
Vygotsky



1997 മുതല്‍ പുതിയ പാഠ്യപദ്ധതിയാണല്ലോ? 12 വര്‍ഷംപിന്നിട്ടു. ഗുണപരമായി എന്തു മാറ്റമുണ്ടായി?
നാക്കും ചോക്കും ഉപയോഗിച്ചുള്ള പഠനരീതിയല്ലേ ഇപ്പോഴും കാണുന്നത്? SIET തയ്യാറാക്കിയ CD കളില്‍ ഇപ്പോഴത്തെ പഠനരീതിയുമായി യോജിക്കുന്ന എത്ര പാഠമുണ്ട്? 'CCA- സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയം' എന്ന മഹത്തായ ആശയം എങ്ങനെ അധ്യാപകര്‍ പ്രാവര്‍ത്തികമാക്കുന്നു?
മൂന്നു വ്യക്തികളുടെ വീക്ഷണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്.
1.വൈഗോട്സ്ക്കി (1896-1934 റഷ്യ Social Constructivism)
2. പൗലോ ഫ്രെയറി (1921-1997 ബ്രസീല്‍ - Critical Pedagogy)
3.ഡോ.ഹൊവാര്‍ഡ് ഗാര്‍ഡനര്‍ (1943- അമേരിക്ക - Multiple Intelligence)
മൂന്നു പേരും ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ജനിച്ചവര്‍. മൂന്നു പേരും വിദേശീയര്‍
ഐ.ടി യുടെ സാധ്യത പഠനപ്രവര്‍ത്തനത്തില്‍ അനുഭവയോഗ്യമായത് ഗാര്‍ഡനറിനുമാത്രം. കാരണം ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അദ്ദേഹം മാത്രം. അദ്ദേഹത്തിന്റെ സംഗീതപരബുദ്ധി (Musical), ദൃശ്യസ്ഥലപരബുദ്ധി (Visual and Spacial), ശാരീരിക-ചലനപരബുദ്ധി (Bodily Kinesthetic)എന്നിവ യുടെ വികാസത്തിന് യോഗ്യരായ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ ഉണ്ടായിട്ടും പല സ്കൂളുകളിലും അതിന്റെ മൗസ് അനങ്ങുന്നുണ്ടോ?
DIET ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു പിന്നിട്ടു. സന്നാഹങ്ങളുടെ കാര്യത്തില്‍ DIET ന് കുറവൊന്നുമില്ല. അവര്‍ മേല്‍നോട്ടം വഹിക്കുന്ന പ്രൈമറിമേഖലയിലേക്ക് പണം ഒഴുക്കുവാന്‍ SSA യും ഉണ്ടായിരുന്നല്ലോ? ജില്ലാ പ്രോജക്ട് ആഫീസര്‍മാരില്‍ പലരും DIET അധ്യാപകരും ആയിരുന്നു. ഐ.റ്റി@ സ്കൂള്‍ ആരംഭിച്ചിട്ട് ഏഴു വര്‍ഷം പിന്നിട്ടു. ഏഴു വര്‍ഷം മുന്‍പ് ചുവപ്പുപരവതാനിയില്‍ അടിവച്ചുനീങ്ങിയ ഇന്റല്‍ പ്രോസസറിന് ഇന്ന് ചവറ്റുകുട്ടയിലാണ് സ്ഥാനം. 7 വര്‍ഷം മുന്‍പ് 20 GB ഹാര്‍ഡ് ഡിസ്ക്കു്, 128 RAM, 1Ghz പ്രൊസസ്സര്‍ എന്നിവ ധാരാളമായിരുന്നെങ്കില്‍ ഇന്നോ? മൊബൈല്‍ ഫോണുകള്‍ ഇത്ര വ്യാപകമാകുമെന്നും 32 GB സംഭരണശേഷിയുള്ളവയുണ്ടാകുമെന്നും ഊഹിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ കംപ്യൂട്ടര്‍ തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഉപകരണമായി ചിത്രീകരിക്കപ്പെടില്ലായിരുന്നു.
DIAL UP മോഡം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സ്കൂള്‍ വിക്കി ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. 2MP യുള്ള ഡിജിറ്റല്‍ ക്യാമറയുടെ വില എന്തായിരുന്നു. ബാംഗ്ലൂരില്‍ നടന്ന ലോകസുന്ദരി മത്സരത്തിലെ വിജയിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എടുത്ത് മത്സരത്തിന്റെ പിറ്റേന്നു തന്നെ ഒരു ദിനപത്രം പ്രസിദ്ധീകരിച്ചത് വാര്‍ത്തയായിരുന്നു. കാരണം അന്ന് ഡിജിറ്റല്‍ ക്യാമറ മറ്റൊരു മലയാളം പത്രത്തിനും സ്വന്തമായി ഇല്ലായിരുന്നു. ഒരു ലേസര്‍പ്രിന്ററിനും ഡിവിഡി റൈറ്ററിനും എന്തായിരുന്നു വില?
ഇങ്ങനെ ഐ.ടി സാങ്കേതികത വളര്‍ന്നു വന്ന വര്‍ഷങ്ങളെ ഓര്‍ക്കുവാന്‍ ഡി.വി.ഡി യുടെ കാലം ഓര്‍ത്തുനോക്കൂ. 250 രൂപവിലയുണ്ടായിരുന്ന കാലം അത്ര പെട്ടെന്ന് മറക്കുവാന്‍ കഴിയുമോ?
സോഫ്റ്റുവെയറുകളുടെ കാര്യം എടുക്കാം. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റുവെയര്‍ പ്രോജക്ട് ആരംഭിച്ചതു തന്നെ 2001 ലാണ്. വേണ്ട, 2006 ഏപ്രിലില്‍ മലയാളം വിക്കിപീഡിയയില്‍ എത്ര ലേഖനങ്ങളുണ്ട്? മലയാളം യൂണിക്കോഡ് ലിപി എന്നുണ്ടായി? അതിനെപ്പറ്റി ക്രിട്ടിക്കല്‍ പെഡഗോഗിയുടെ വ്യക്താക്കള്‍ക്കോ സാമൂഹ്യജ്ഞാനനിര്‍മിതിവാദക്കാര്‍ക്കോ ഊഹിക്കുവാന്‍ പോലും കഴിയുമായിരുന്നോ? ഹൊവാര്‍ഡ് ഗാര്‍ഡനറിന്റെ പല പഠനങ്ങളും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്നു. അദ്ദേഹത്തിനോട് പുതുക്കിയ പാഠ്യപദ്ധതി വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. ഇന്നു ഐ.ടി സാങ്കേതികവിദ്യയുടെ പുരോഗതികൊണ്ട് ലോകത്തെവിടെയും അതിന്റെ നേട്ടങ്ങള്‍ എളുപ്പം എത്തിക്കാനാവും. ഡോക്ടറും എന്‍ജിനീയറും അധ്യാപകനും മെക്കാനിക്കും എല്ലാം സാങ്കേതികവിദ്യയുടെ സഹായമാണ് തേടുന്നത്. എങ്കിലേ പ്രൊഫഷനലാകൂ. അതുകൊണ്ടുതന്നെ ഏഴു വര്‍ഷം മുന്‍പ് സ്കൂള്‍വിക്കി തുടങ്ങാത്തതെന്ത്? തുടക്കത്തിലേ ജിയോജിബ്ര പഠിപ്പിക്കാത്തതെന്ത്? എന്നീ സംശയങ്ങള്‍ ഐ.ടി മേഖലയില്‍ പരിചയമുള്ള ആരും ഉന്നയിക്കില്ല. സംഗീതം പോലെ പഠിക്കുന്തോറും തന്റെ അറിവിന്റെ പരിമിതി മനസ്സിലാകുന്നതാണ് ഐ.ടി യും. ഐ.ടി യില്‍ എം.ടെക്കും ഡോക്ടറേറ്റും എടുത്ത ഒരാളുപോലും കഴിഞ്ഞ ഏഴുവര്‍ഷമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചില്ലെങ്കില്‍ ഐ.ടി രംഗത്ത് ഒന്നുമല്ലാതാകുന്ന അവസ്ഥയാണ്. കാളിദാസകൃതികളും ഷേക്സ്പിയര്‍ കൃതികളുമൊക്കെക്കൊണ്ട് റിട്ടയറാകുവാന്‍ സാധിക്കുന്ന ഔദ്യോഗികജീവിതമല്ല നല്ല ഒരു ഐ.ടി അധ്യാപകന്റേത്. ഇന്ന് സ്കൂള്‍ ഐ.ടി വിദ്യാഭ്യാസരംഗത്ത് ഉണ്ടായ ശ്രദ്ധേയമായ മാറ്റം കഴിഞ്ഞ ഏഴു വര്‍ഷമായുണ്ടായ ഐ.ടി യുടെ വളര്‍ച്ചകൊണ്ടു മാത്രമാണ് എന്നു പറഞ്ഞ് ഐ.ടി@സ്കൂളിന്റെ പ്രവര്‍ത്തനത്തെ ഇകഴ്ത്തുവാന്‍ നടത്തുന്ന ബോധപൂര്‍വമായശ്രമം പരിഹാസ്യമാണ്. എങ്കില്‍ കംമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും നല്‍കിയിട്ടും കോളജ് തലത്തില്‍ ഏഴു വര്‍ഷമായി ഉണ്ടായ മാറ്റം എന്താണ്? ഇതുവരെ ഒരു വിഷയത്തിനും നല്‍കാത്ത സന്നാഹം എന്നൊക്കെ പറഞ്ഞ് ഐ.ടി യെ അതും ഐ.ടി സാങ്കേതികവിദഗ്ധര്‍ ഉണ്ടാക്കിയെടുത്ത ബ്ലോഗ് ഉപയോഗിച്ച് ആക്ഷേപിക്കുന്നത് ശരിയാണോ? എല്ലാ അധ്യാപകര്‍ക്കും ഒരു മാസത്തെ പരിശീലനം അല്ലല്ലോ ഐ.ടി@സ്ക്കൂള്‍ നല്‍കുന്നത്. മലയാളം പഠിച്ചു തുടങ്ങുമ്പോള്‍ അക്ഷരം പഠിപ്പിക്കുവാന്‍ ആദ്യം കവിതയാണോ പഠിപ്പിച്ചു തുടങ്ങുന്നത്? പത്തുവര്‍ഷം പാഠപുസ്തകം വച്ച് മാതൃഭാഷയായ മലയാളം പഠിപ്പിച്ചിട്ടും അക്ഷരതെറ്റു കൂടാതെ എത്ര പേര്‍ എഴുതും? അഞ്ചുദിവസത്തെ പരിശീലനം കൊണ്ട് നേടാവുന്നതിന്റെ പരമാവധി നേടിയാണ് ഐ.ടി പരിശീലനത്തില്‍ പങ്കെടുത്ത് മടങ്ങുന്നത്. കൂടുതല്‍ ദിവസങ്ങള്‍ പരിശീലനം കൊടുക്കുവാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്. ഐ.ടി രംഗത്തേക്ക് കുട്ടിയെ കടത്തിവിടാന്‍ രക്ഷിതാക്കള്‍ പണം മുടക്കുന്നത് കുട്ടിയുടെ ഭാവിയില്‍ താല്പര്യം ഉള്ളതുകൊണ്ടാണ്. എത്ര സന്നാഹങ്ങളൊരുക്കിയാലും ചില വിഷയങ്ങള്‍ പഠിക്കുവാന്‍ കുട്ടികളെ കിട്ടാതെ വരികയും ചെയ്യും. അതിന് ആരും അസൂയപ്പെടേണ്ടതില്ല. ഡോ.അച്യുത് ശങ്കറിനെപ്പോലെ യോഗ്യതയുള്ള വ്യക്തിക്ക് ഐ.ടി രംഗത്ത് ഉയര്‍ന്ന പ്രതിഫലം ലഭിക്കും. ഐ.ടി ബിരുദങ്ങള്‍ നേടുവാന്‍ വേണ്ടി കൂടുതല്‍ പണവും മിടുക്കും ആവശ്യമാണ്. എന്നാല്‍ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്ന അധ്യാപകനും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകനും ഒരേ ശമ്പളമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മലയാളവും സംസ്കൃതവും മോശമാണെന്നല്ല ഞാന്‍ പറഞ്ഞത്. പാലമാണോ നിഘണ്ടുവാണോ കൂടുതല്‍ പ്രയോജനം എന്നു ചോദിക്കരുതെന്നും എനിക്കറിയാം. അതുകൊണ്ടുതന്നെ ഐ.ടി രംഗത്ത് കഴിവുള്ളവര്‍ പലരും സര്‍ക്കാര്‍ ജോലിയല്ല ഇഷ്ടപ്പെടുന്നത്. ഡോ. അച്യുത് ശങ്കര്‍സാറും ഡോ.ബി. ഇക്ബാല്‍സാറും എല്ലാം ഐ.ടി.അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുള്ളവരാണ്. ആധികാരികമായ അറിവും പക്വമായ ചിന്തയും വിമര്‍ശകര്‍ നേടേണ്ടതാണ്.

No comments:

Post a Comment